തുടർച്ചയായ നാലാം ദിവസവും പിടികൊടുക്കാതെ വൈദ്യുതി, ഉർവ്വശീശാപം ഉപകാരമാക്കി നാട്ടുകാരും

425

തുടർച്ചയായ നാലാം ദിവസവും ഇരുട്ടിലായി മലയോര പഞ്ചായത്തുകളായ കരിങ്കുന്നവും പുറപ്പഴയും. നിർത്താതെ പെയ്യുന്ന മഴയും കാറ്റും മൂലമാണ് വൈദ്യുതി നഷ്ടപ്പെടുന്നത് എന്ന് പറയുന്നുണ്ടെങ്കിലും. വൈദ്യുതി മുടക്കം പതിവാകുമ്പോൾ സാധാരണകാരുടെ ദൈനംദിന ജീവിത രീതിയിൽ വരെ മാറ്റം വന്നിരിക്കുകയാണ്. ഏതായാലും മൺസൂൺ സമയത്തുള്ള kSEB യുടെ ശക്തമായ പ്രവർത്തനങ്ങൾ മൂലം പലരും തങ്ങളുടെ പഴയ കാല ജീവിതം തിരിച്ചു കിട്ടിയ സന്തോഷത്തിലാണ്.

തുടർച്ചയായി നാല് ദിവസം വൈദ്യുതി മുടക്കിയാണ് പുറപ്പുഴ സെക്ഷൻ ഓഫീസ് വിജയകരമായി ദൗത്യം പൂർത്തിയാക്കിയത്.നാല് ദിവസത്തിലെ ആദ്യ 6 മണിക്കൂറിൽ തന്നെ ശേഖരിച്ചു വെച്ച വെള്ളം പലരുടെയും തീർന്നു.
കപ്പിയും കയറും പൊടിതട്ടിയെടുത്ത് ജനങ്ങൾ കിണറ്റിലെ വെള്ളം കൊണ്ട് അത്യാവശ്യ കാര്യങ്ങൾ സാധിച്ചു. കുഴൽ കിണർ മാത്രം ആശ്രയിക്കുന്നവരുടെ കാര്യം മഹാകഷ്‌ടത്തിലാണ്. ആദ്യം ഇൻവേറ്ററിന്റെ വൈദ്യുതി വെളിച്ചവും പിന്നീട് മെഴുകുതിരിവെട്ടവും അതിനുശേഷം മണ്ണെണ്ണ വിളക്കിൻറെ വെളിച്ചവും എന്ന സ്ഥിതിയിലേക്ക് ആളുകൾ തിരിയുമ്പോൾ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുറക്കുവാൻ കെഎസ്ഇബിക്ക് സാധിച്ചു എന്നു വേണം കരുതുവാൻ.മൊബൈൽ ചാർജ് തീർന്നതിനാൽ ഫെയിസ് ബുക്കും വാടസ്പ്പും ഇല്ലാതായി അതുകൊണ്ട് മുടങ്ങിയ വീട്ടുകാരുടെ ഒരുമിച്ചുള്ള സംസാരവും 4 ദിവസമായി മുടങ്ങാതെ സന്ധ്യാപ്രാത്ഥനയും നടന്നതുകൊണ്ട് ഡിജിറ്റൽ ലോകത്തിൽനിന്നും കുടുംബജീവിതത്തിന്റെ മനോഹാരിതയിലേക്ക് അപ്രത്യക്ഷമായ തിരിച്ചുപോക്കായിരുന്നു പലർക്കും. സായാഹ്ന സമയങ്ങളിൽ മഴയും കാറ്റും ആസ്വദിച്ച് വീടിൻറെ ഉമ്മറത്ത് നാട്ടു വിശേഷങ്ങൾ പറഞ്ഞ് തീർക്കുകയാണ് ഏവരും. കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും വൈദ്യുതി ഇപ്പൊ വരും എന്ന പ്രതീക്ഷ മണിക്കൂറുകളിൽ നിന്നും ദിവസങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുമ്പോൾ കെഎസ്ഇബി ഓഫീസിലേക്കുള്ള ഫോൺ വരവിന്റെ എണ്ണം ക്രമാതീതമായി വർദ്ധിക്കുകയുണ്ടായി