ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി എന്തിന് ?

84

ഡല്‍ഹി നിവാസിയും സ്വതന്ത്ര്യമാധ്യമപ്രവര്‍ത്തകനുമായ കെ.എന്‍ അശോകിന്‍റെ വാക്കുകളിലൂടെ

ഡല്‍ഹിയില്‍ ഏതു കുറ്റകൃത്യം നടന്നാലും പോലീസിനെ പഴിക്കാറുണ്ട്, ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ ഡല്‍ഹി സര്‍ക്കാരിനും പഴി കിട്ടും. അതുകൊണ്ടാണ് കേജ്രിവാള്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെടുന്നത്, സമരം ചെയ്യുന്നത്. പക്ഷെ, ദേശീയ തലസ്ഥാനം ആയതിനാല്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിന്റെ നിയന്ത്രണം വിട്ടുകൊടുക്കില്ല, എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിനു അതിനു മേല്‍ നിയന്ത്രണമുണ്ടോ എന്നു ചോദിച്ചാല്‍ ദൈവത്തിന്റെ കാര്യം പറയുന്ന പോലാണ്. ഉണ്ടെന്നാണ് മിക്കവരുടെയും വിശ്വാസം, ആര്‍ക്കും പ്രത്യേകിച്ച് ഒരു ധാരണയും ഇല്ല താനും.

ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 20-ഓളം എംഎല്‍എമാരെ ആണ് പല കേസുകളിലായി കുടുക്കിയത്, ക്രിമിനല്‍ കേസുകള്‍ അടക്കം, ഡല്‍ഹി പോലീസ് അവരെ ഒക്കെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്, ഭൂരിഭാഗവും കള്ളക്കേസുകള്‍ ആണെന്ന് എല്ലാവര്ക്കും അറിയാം. അപ്പോള്‍ ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നത് ആരുടെ നിര്‍ദേശം അനുസരിച്ചാണ് എന്നു വേറെ പറയേണ്ടല്ലോ.

1.20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഉത്തരവിട്ടത് എങ്ങനെയാണ്?

2.മന്ത്രിമാര്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നതും അറസ്റ്റ് ചെയ്യുന്നതും ഒക്കെ ആരാണ്?

3.സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന മിക്ക പദ്ധതികള്‍ക്കും ലഫ്. ഗവര്‍ണര്‍മാരിലൂടെ തുരങ്കം വയ്ക്കുന്നത് ആരാണ്?

4.ഒരു വിധത്തിലും ഭരിക്കാന്‍ അനുവധിക്കില്ലെന്ന് ഉറപ്പിച്ചു പ്രതികാര ബുദ്ധിയോടെ തങ്ങളുടെ ആളുകളെ ചീഫ് സെക്രട്ടറി മുതല്‍ താഴേക്ക് നിയമിക്കുന്നത് ആരാണ്?

5.ആ ഉദ്യോഗസ്ഥരെ കൊണ്ട് നിസഹകരണം പ്രഖ്യാപിക്കുന്നത് ആരാണ്?

6.ബിജെപിക്ക് കേവലം മൂന്ന് എംഎല്‍എമാര്‍ മാത്രമേ ഉള്ളു എങ്കിലും അവര്‍ സഭയ്ക്കുള്ളില്‍ ബഹളം വയ്ക്കുകയും മറ്റുമൊക്കെ ചെയ്യുമ്പോള്‍ ദേശീയ ചാനലുകള്‍ അടക്കം മൈക്കും എടുത്ത് ഇറങ്ങുന്ന അസാധാരണ സാഹചര്യം എങ്ങനെ ഉണ്ടാകുന്നു?

7.ഒരു മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലെഫ്. ഗവര്‍ണറുടെ ഓഫീസിലെ സോഫയില്‍ കിടന്നുറങ്ങേണ്ടി വരുന്നത് എന്തുകൊണ്ടാണ്?

ഇതൊക്കെ പറയാന്‍ കാരണം, ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കിയാല്‍ കെജ്രിവാള്‍ ബിജെപിക്ക് വേണ്ടി വോട്ട് തേടുമെന്ന് പറഞ്ഞുവെന്നും ഇപ്പോഴെങ്കിലും ഇയാളുടെ തനിനിറം പുറത്തു വന്നല്ലോ എന്നൊക്കെ സുഹൃത്തുക്കള്‍ അടക്കമുള്ളവരുടെ പോസ്റ്റുകള്‍ കണ്ടാണ്‌. സത്യം പറഞ്ഞാല്‍ അമ്പരന്നു പോയി, രാഷ്ട്രീയധാരണകള്‍ ഉള്ളവര്‍ പോലും കേജ്രിവാളിന്റെ ഇന്നലത്തെ പ്രസ്താവനയെ, ‘ബിജെപിക്ക് വേണ്ടി കേജ്രിവാള്‍’ എന്നൊക്കെ പറയുന്നത് കേട്ടപ്പോള്‍. “I want to say to BJP, give full statehood status to Delhi before Lok Sabha polls, every vote of people will go in favour of BJP and we (AAP) will campaign for them in Lok Sabha election. ഇങ്ങനെ പറഞ്ഞിട്ട് ഒരു വരി കൂടി കേജ്രിവാള്‍ കൂട്ടിച്ചെര്‍ത്തിരുന്നു: But, if they (BJP) do not give full statehood to Delhi, people here will say that BJP walon, Delhi chodo (BJP, quit Delhi),” ഈ പ്രസ്താവനയെ എങ്ങനെയാണ് ബിജെപിക്ക് വോട്ട് ചെയ്യാനാണ് കേജ്രിവാള്‍ പറഞ്ഞത് എന്നൊക്കെ വളച്ചൊടിക്കുന്നത്? ബിജെപിയെ ശരിക്കും പ്രതിരോധത്തില്‍ ആക്കുന്ന പ്രസ്താവനവയല്ലേ അത്? അതല്ലേ രാഷ്ട്രീയം? ഒരു വിധത്തിലും സംസ്ഥാന പദവി കൊടുക്കില്ല എന്ന് അറിയാവുന്നതിനാല്‍ അതുതന്നെ ഒരു രാഷ്ട്രീയ ആയുധം ആക്കുകയല്ലേ കേജ്രിവാള്‍ ചെയ്തത്? എല്ലാ വിധത്തിലും കേജ്രിവാളിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി ചെയ്യുന്നുണ്ട്, കാരണം, കഴിഞ്ഞ തവണ അവര്‍ക്കേറ്റ മുറിവും നാണക്കേടും അത്രയധികമാണ്, അതിന്റെ പ്രതികാരബുദ്ധിയാണ് ഓരോ ദിവസവും കണ്ടുകൊണ്ടിരിക്കുന്നതും.

കെ.എന്‍ അശോക്
കേരളത്തില്‍ നമ്മള്‍ ഉണ്ടെന്നു പറയുന്ന ഇടത് രാഷ്ട്രീയ പ്രബുദ്ധത ഒന്നും കേട്ടിട്ട് പോലും ഇല്ലാത്തവരാണ് ഡല്‍ഹി നിവാസികളിലെ ഭൂരിഭാഗവും. പഞ്ചാബിലും ഹരിയാനയിലും യുപിയില്‍ നിന്നുമൊക്കെ കുടിയേറി പാര്‍ത്തവര്‍ ഉണ്ടാക്കിയ സാംസ്കാരിക മൂലധനമാണ് ഈ നഗരത്തിന്റെ സ്വഭാവം. കേരളം മുതല്‍ കശ്മീര്‍ വരെ നീളുന്ന വലിയൊരു കൂട്ടം ജനങ്ങള്‍ കൂടി ചേരുന്ന ഒരു മൈഗ്രന്റ് സിറ്റിയാണത്. അവിടെ കമ്യൂണിസ്റ്റുകാരെയും കോണ്‍ഗ്രസുകാരെയും മാറി മാറി തെരഞ്ഞെടുക്കുന്ന കേരളത്തിന്റെ കോണ്‍ടക്സ്റ്റില്‍ ഒക്കെ വിലയിരുത്തിയാല്‍ പിഴയ്ക്കുന്നത് നമുക്കായിരിക്കും എന്നാണ് എന്റെ ഒരു ധാരണ.