ഇനി ചില്ലിട്ടു വയ്ക്കാം (ലോ ഫ്ലോറിന്റെ പടം)

118

തൊടുപുഴ ∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നു ലാഭകരമായി സർവീസ് നടത്തിയിരുന്ന എട്ട് എസി ലോ ഫ്ലോർ ബസുകൾ ഒറ്റയടിക്കു നിർത്തലാക്കി. ഈ ബസുകൾ എറണാകുളം തേവരയിലേക്കു കൊണ്ടുപോയി. അവിടെ നിന്നു കെഎസ്ആർടിസി സംസ്ഥാനത്തു പുതുതായി തുടങ്ങിയ ചിൽ ബസ് സർവീസിനായാണു തൊടുപുഴയിൽ നിന്നുള്ള ലോ ഫ്ലോർ എസി ബസുകൾ മുഴുവൻ പിൻവലിച്ചത്. യാത്രക്കാർക്ക് ഏറെ പ്രതീക്ഷ പകർന്നു തുടക്കംകുറിച്ച പദ്ധതിക്കാണു മൂന്നു വർഷത്തിനകം പതിയ പരിഷ്കാര പരീക്ഷണത്തിനായി തിരശീല വീഴ്ത്തിയത്.

തൊടുപുഴ ഡിപ്പോയിൽ നിന്ന് ഒരു ലോ ഫ്ലോർ ബസുപോലും മാറ്റില്ലെന്നു കെഎസ്ആർടിസി ഡയറക്ടർ സി.വി.വർഗീസിന്റെ പ്രഖ്യാപനവും പാഴായി. തൊടുപുഴയിൽ എട്ട് ലോ ഫ്ലോർ എസി ബസുകളാണ് എറണാകുളം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കു സർവീസ് നടത്തിയിരുന്നത്. ഈ ബസുകൾ പിൻവലിച്ച് എറണാകുളം തേവര കേന്ദ്രീകരിച്ചു ചിൽ സർവീസിന് ഉപയോഗിക്കാനാണു മാറ്റിയത്.