നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

71

മൂന്നാര്‍: നീലക്കുറിഞ്ഞി കാണാന്‍ രാജമല, കൊളുക്കുമല എന്നിവിടങ്ങളില്‍ സഞ്ചാരികളുടെ വന്‍തിരക്ക്. രാജമലയില്‍ സന്ദര്‍ശകരുടെ എണ്ണം ദിവസം 3500 ആയി നിശ്ചയിച്ചിരുന്നെങ്കിലും തിരക്കുകാരണം 5000 പേരെവരെ കടത്തിവിടുന്നുണ്ട്.

ഞായറാഴ്ച പഴയ മൂന്നാറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടിക്കറ്റ് കൗണ്ടര്‍ തുടങ്ങി. തിങ്കളാഴ്ച മുതല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ ടിക്കറ്റ് കൗണ്ടര്‍ തുടങ്ങും. നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ട കൊളുക്കുമലയിലും സഞ്ചാരികളുടെ വന്‍ തിരക്കാണ്. സ്വകാര്യ തേയിലക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഇവിടെ ദിവസവും രണ്ടായിരത്തിലധികം സഞ്ചാരികള്‍ എത്തുന്നുണ്ട്. പഴയമൂന്നാറില്‍നിന്ന് കൊളുക്കുമലയിലേക്ക് ഡി.ടി.പി.സി.യുടെ നേതൃത്വത്തില്‍ സഞ്ചാരികളെ കൊണ്ടുപോകുന്നതിനുള്ള സര്‍വീസ് തുടങ്ങി. 500 രൂപയാണ് ഒരാള്‍ക്ക് നിരക്ക്. 

ഡി.ടി.പി.സി.യുടെ വാഹനത്തില്‍ ആദ്യം സൂര്യനെല്ലിയിലെത്തിക്കും. അവിടെനിന്ന് ജീപ്പില്‍ കൊളുക്കുമലയിലെത്തിച്ച് കുറിഞ്ഞിപ്പൂക്കള്‍ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്. നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ക്ക് പഴയ മൂന്നാറില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ആരംഭിച്ചു. നാല് ബസുകളാണ് രാജമല അഞ്ചാംമൈല്‍വരെ സര്‍വീസ് നടത്തുന്നത്. 20 രൂപയാണ് ടിക്കറ്റ് നിരക്ക്. 

ട്രാഫിക് കമ്മിറ്റിയുടെ അനുമതിപ്രകാരം 10 ജീപ്പുകളും പഴയ മൂന്നാറില്‍നിന്ന് രാജമല അഞ്ചാംമൈലിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.