രക്ഷകര്‍ത്താക്കള്‍ താളംതെറ്റിയാല്‍ കുട്ടികള്‍ പാളംതെറ്റും: ജസ്‌റ്റിസ്‌ കുര്യന്‍ ജോസഫ്‌

229

ആലപ്പുഴ: രക്ഷകര്‍ത്താക്കളുടെ താളം തെറ്റിയാല്‍ കുട്ടികള്‍ പാളം തെറ്റുമെന്ന്‌ സുപ്രീം കോടതി ജഡ്‌ജി കുര്യന്‍ ജോസഫ്‌.
രക്ഷകര്‍ത്താക്കളുടെ മൂലധനം കുട്ടികളാണ്‌. മൂലധനത്തിന്റെ യശസ്‌ ഉയരുന്നത്‌ കുട്ടികളെ നന്നായി വളര്‍ത്തുമ്പോഴാണ്‌. റിയല്‍ എസ്‌റ്റേറ്റിലോ ധനകാര്യ നിക്ഷേപത്തിലോ ഒരു കാര്യവുമില്ല. കുട്ടികളുടെ സംരക്ഷണത്തിനായി ജില്ലാ നിയമ സേവന അതോറിട്ടി ആവിഷ്‌ക്കരിച്ച സ്‌പേസ്‌ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദേഹം.
തങ്ങളെ കണ്ടു പഠിക്കാന്‍ സ്വന്തം മക്കളോട്‌ പറയാന്‍ രക്ഷകര്‍ത്താക്കളുടെ മനഃസാക്ഷി അനുവദിക്കുന്നില്ലെങ്കില്‍ വലിയ സ്‌കൂളുകളില്‍ പഠിപ്പിച്ചിട്ട്‌ ഒരു കാര്യവുമില്ല. കുട്ടികള്‍ തങ്ങളുടെ കൈകളില്‍ സുരക്ഷിതരാണെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അധ്യാപകരും പരാജയമാണ്‌. അറിവ്‌ മാത്രം പോര. പ്രായോഗികജ്‌ഞാനം കൂടി വിദ്യാലയങ്ങളില്‍നിന്ന്‌ കിട്ടണം. ഉയരങ്ങളില്‍ എത്താന്‍ വിദ്യാര്‍ഥികള്‍ക്ക്‌ ആത്മവിശ്വാസം കൊടുക്കേണ്ടത്‌ അധ്യാപകരാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ജീവിതം ഒന്നേ ഉള്ളൂ. താന്‍ ആരാകണമെന്ന്‌ കുട്ടികള്‍ തീരുമാനിക്കണം. പണം, പദവി, സുഖ സൗകര്യം, അധികാരം എന്നിവയോടുള്ള മനോഭാവത്തില്‍ സത്യസന്ധതയും, വിശുദ്ധിയും, വിശ്വസ്‌ഥതയും ഉണ്ടാകണം.
അല്ലാതെയുള്ള ഉയര്‍ച്ച മനസാക്ഷിയെ കുത്തി നോവിക്കും. പാളം തെറ്റുന്ന കുട്ടികളെ ശരിയായ പാളത്തില്‍ എത്തിക്കേണ്ട ജോലിയാണ്‌ ബാലനീതി കോടതികള്‍ ഏറ്റെടുക്കേണ്ടത്‌. പ്രസംഗമല്ല, ഇടപെടലുകളാണ്‌ സമൂഹത്തിന്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
കേരള നിയമ സേവന അതോറിട്ടി എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ ജസ്‌റ്റീസ്‌ സുരേന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നിയമ സേവന അതോറിട്ടി സെക്രട്ടറി കെ. സത്യന്‍ ലോഗോ പ്രകാശനം ചെയ്‌തു.
ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാല്‍, ജില്ലാ ഗവ പ്ലീഡര്‍ സി.വി. ലുംമുംബ, ജില്ലാ നിയമ സഹായ കേന്ദ്രം സെക്രട്ടറി വി. ഉദയകുമാര്‍, വിവിധ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാരായ ജയിംസ്‌ ചാക്കോ, പി.വി. സന്തോഷ്‌ കുമാര്‍, സി.എന്‍. അമ്മാഞ്ചി, റോയ്‌ വര്‍ണ്മീസ്‌, കെ.ശ്രീകുമാര്‍, അഭിഭാഷക ക്ലര്‍ക്ക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ കണ്ണന്‍, പാര ലീഗല്‍ വാളണ്ടിയര്‍ കോ-ഓര്‍ഡിനേറ്റര്‍ ബാബു ആന്റണി, ഹയര്‍സെക്കന്‍ഡറി മേഖല ഉപഡയറക്‌ടര്‍ ആര്‍.ജെസി, എ.ഇ.ഒ ദീപ റോസ്‌, അമ്പലപ്പുഴ താലൂക്ക്‌ നിയമ സഹായ കേന്ദ്രം ചെയര്‍മാന്‍ കെ.പി. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു