ശബരിമല കർമ്മസമതിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ റോഡ് ഉപരോധിച്ചു

1

തൊടുപുഴ ∙ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്കെതിരെ ജില്ലയിലെമ്പാടും പ്രതിഷേധം ശക്തം. ശബരിമല കർമസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 8 കേന്ദ്രങ്ങളിൽ ഇന്നലെ റോഡ് ഉപരോധിച്ചു. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിനുള്ള സർക്കാർ നടപടി അവസാനിപ്പിക്കുക, സുപ്രീം കോടതി വിധിയിൽ സർക്കാർ റിവ്യൂ ഹർജി സമർപ്പിക്കുക, വിധിയെ മറികടക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച് വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഒരു മണിക്കൂർ റോഡ് ഉപരോധം.

∙ തൊടുപുഴയിൽ നടന്ന റോഡ് ഉപരോധത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് അയ്യപ്പഭക്തർ പങ്കെടുത്തു. ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്തുനിന്നുമാരംഭിച്ച നാമജപയാത്ര ഗാന്ധിസ്‌ക്വയറിൽ എത്തിയപ്പോൾ ഉപരോധസമരം ആരംഭിച്ചു. ശബരിമല അയ്യപ്പസേവാ സമാജം സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം.ബാലൻ, അയ്യപ്പസേവാ സമാജം സംസ്ഥാന കമ്മിറ്റിയംഗം എസ്. പത്മഭൂഷൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധിസ്ക്വയർ വഴിയുള്ള ഗതാഗതം ഒരു മണിക്കൂർ പൂർണമായും തടസ്സപ്പെട്ടു