കരിങ്കുന്നത്ത് മോട്ടോറുകൾ തകരാറിലായതോടെ ശുദ്ധജലം മുടങ്ങുന്നതു പതിവാകുന്നു.

2

കരിങ്കുന്നം ∙ മോട്ടോറുകൾ തകരാറിലായതോടെ ശുദ്ധജലം മുടങ്ങുന്നതു പതിവാകുന്നു. കരിങ്കുന്നം പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കുന്നതിനു മലങ്കരയ്ക്കു സമീപം മ്രാലയിൽ സ്ഥാപിച്ചിരിക്കുന്ന പമ്പുഹൗസിലെ രണ്ടുമോട്ടോറുകളും തകരാറിലായിട്ട് ഒരുമാസം പിന്നിടുന്നു. ഇവിടെനിന്നു ശുദ്ധജലം പമ്പുചെയ്യുന്നതിനു 40, 50 കുതിരശക്തിയുള്ള രണ്ടു മോട്ടോറുകളാണ് ഉള്ളത്.

ഒന്നിനു പിന്നാലെ മറ്റൊന്നായി രണ്ടു മോട്ടോറുകളും തകരാറിലായി. കരിങ്കുന്നം പുത്തൻപള്ളി, അഞ്ചപ്ര, വടക്കൻമുറി പ്രദേശങ്ങളിലെ ആയിരത്തിലേറെ കുടുംബങ്ങൾ ഇവിടെനിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. മഴക്കാലം മാറിയതോടെ സ്വാഭാവിക ജലസ്രോതസ്സുകളെല്ലാം വറ്റിത്തുടങ്ങി.

കിണറുകളിലെ ജലനിരപ്പും താഴുന്നുണ്ട്. ഇതോടെ പലഭാഗത്തും ജനം ശുദ്ധജലത്തിനായി നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. പൈപ്പുവെള്ളം മാത്രം ആശ്രയിച്ചുകഴിയുന്നവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. പമ്പ് ഹൗസിലെ തകരാറു പരിഹരിച്ചു കുടിവെള്ളവിതരണം പുനരാരംഭിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.