തൊടുപുഴ മേഖലയിൽ പകർച്ചവ്യാധികൾ പടരുന്നു.

37

തൊടുപുഴ മേഖലയിൽ പകർച്ചവ്യാധികൾ പടരുന്നു. കരിമണ്ണൂർ പഞ്ചായത്തിൽ മലമ്പനിയും മന്തുരോഗവും കണ്ടെത്തി. തൊടുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളി ഡെങ്കിപ്പനിയുടെ ലക്ഷണത്തോടെ ചികിത്സയിലാണ്. തൊടുപുഴ നഗരസഭയിൽ അടുത്തടുത്തുള്ള രണ്ടു വീടുകളിലായി നാലു കുട്ടികൾ ഉൾപ്പെടെ ഏതാനുംപേർ വയറിളക്കരോഗം ബാധിച്ചു ചികിത്സയിലാണ്. 15–ാം വാർഡിലാണു വയറിളക്കം ബാധിച്ചതെന്ന് ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഇതു പടരാതിരിക്കാൻ മുൻകരുതലും പ്രതിരോധ മാർഗങ്ങളും എടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ഒരു മാസം മുമ്പാണ് കരിമണ്ണൂരിൽ ഇതരസംസ്ഥാനക്കാരനായ തൊഴിലാളിക്കു മലമ്പനി സ്ഥിരീകരിച്ചത്. ഇയാൾക്കു ചികിത്സ നൽകി സ്വന്തം നാട്ടിലേക്കു തിരിച്ചയച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾ പണിയെടുക്കുന്ന തടിമില്ലിലെ തൊഴിലാളിക്കാണു മലമ്പനി കണ്ടെത്തിയത്. ഈ വിവരം ബന്ധപ്പെട്ടവർ മറച്ചുവച്ചതായി പരാതിയുണ്ട്.

മന്തുരോഗത്തിന്റെ ലക്ഷണമുള്ള കരിമണ്ണൂർ സ്വദേശിയായ ഇരുപത്തിനാലുകാരനെ കൂടുതൽ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തതായി ആരോഗ്യ വുകപ്പ് അധികൃതർ അറിയിച്ചു. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലാളികൾ താമസിച്ചിരുന്ന വീടിനു സമീപമുള്ള ആളുകളുടെ രക്തസാംപിളുകൾ രാത്രി എടുത്തു പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പകർച്ചവ്യാധികൾ കണ്ടെത്തുമ്പോൾ അടിയന്തര പഞ്ചായത്ത് കമ്മിറ്റി വിളിച്ചുചേർത്ത് ജനകീയ സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്നുണ്ടെങ്കിലും ഇതു ബന്ധപ്പെട്ടവർ അറിയിച്ചിട്ടില്ലെന്നു പരാതിയുണ്ട്.

രക്തപരിശോധന വ്യാപകമായി നടത്തുന്നതു കണ്ട് അന്വേഷിച്ചപ്പോഴാണു വിവരം നാട്ടുകാർ അറിയുന്നത്. പ്രളയകാലത്തു കൊതുകുജന്യ രോഗങ്ങൾ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ ഇടയ്ക്കിടെ മഴയും വെയിലുമായതിനാൽ കൊതുകുകളുടെ വളർച്ച കൂടുകയും അതു രോഗപ്പകർച്ചയ്ക്ക് ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകുന്നുണ്ട്. അതിനാൽ കൊതുകുനശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് ഇവർ പറയുന്നു. വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് അധികൃതർ പറഞ്ഞു.