ചെറുതോണി പാലത്തിനു പകരം പുതിയതു നിർമിക്കാനുള്ള നടപടികൾക്കു തുടക്കം.

48

ചെറുതോണി പാലത്തിനു പകരം പുതിയതു നിർമിക്കാനുള്ള നടപടികൾക്കു തുടക്കം. പുനർനിർമാണത്തിനു കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് 40 കോടി രൂപയാണു വകയിരുത്തിയത്. മണ്ണിന്റെ ഉറപ്പും ഘടനയും പരിശോധിക്കാനുള്ള നടപടികൾക്ക് ഇന്നു തുടക്കമാകും. ഒരാഴ്ചയ്ക്കുള്ളിൽ ഇതു പൂർത്തിയാകും. ഇതോടൊപ്പം എസ്റ്റിമേറ്റ് തയാറാക്കലും ആരംഭിക്കും. എസ്റ്റിമേറ്റിനു ഭരണാനുമതി ലഭിച്ചാൽ ഉടൻ തന്നെ രൂപകൽപനയ്ക്കു ടെൻഡർ ക്ഷണിക്കും.

അടിമാലി–കുമളി ദേശീയപാതയിൽ ചെറുതോണി ടൗണിലെ ട്രാഫിക് ഐലൻഡിനു സമീപം നിന്നു നേരെ ആലിൻചുവടു ഭാഗത്തേക്ക് എത്തുന്നരീതിയിലാകും രൂപകൽപന. ടൗണിന്റെ പുനർനിർമാണത്തിനും പദ്ധതിയുണ്ടെന്നു ദേശീയപാത വിഭാഗം അധികൃതർ വ്യക്തമാക്കി. അതേസമയം, തടിയമ്പാട് ചപ്പാത്തിന്റെ പുനർനിർമാണം വൈകുകയാണ്. റോഡിൽ കരിങ്കല്ല് അടുക്കി മുകളിൽ മണ്ണ് പാകിയായിരുന്നു നാട്ടുകാരുടെ സഹായത്തോടെ അധികൃതർ റോഡ് ഗതാഗതയോഗ്യമാക്കിയത്. മേൽമണ്ണ് നീങ്ങി കരിങ്കല്ല് തെളിഞ്ഞതോടെ ഗതാഗതം ദുഷ്കരമായി.