കരിങ്കുന്നത്ത് മോഷണം, 5 പവൻ സ്വർണാഭരണങ്ങളും 8200 രൂപയും അപഹരിച്ചു.

600

കരിങ്കുന്നത്തു വീടിനുള്ളിൽ കയറിയ മോഷ്ടാവ് 5 പവൻ സ്വർണാഭരണങ്ങളും 8200 രൂപയും അപഹരിച്ചു. കരിങ്കുന്നം വടക്കുംമുറി റോഡിൽ മൂരിപ്പാറ ഭാഗത്തു താമസിക്കുന്ന ബാർ ജീവനക്കാരനായ ഏലന്താനത്ത് സുബിൻ ബേബിയുടെ വീട്ടിൽനിന്നാണ് സ്വർണവും പണവും നഷ്ടപ്പെട്ടത്.

ഇന്നലെ പുലർച്ചെ 3.15ന് ആണ് മോഷണം. വീടിന്റെ അടുക്കളവാതിൽ തകർത്ത് അകത്തുകയറി കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും അപഹരിച്ചു. സുബിന്റെ ഭാര്യ സാലിയുടെ കഴുത്തിൽക്കിടന്ന സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതോടെയാണ് വീട്ടുകാർ ഉണർന്നത്. ഇവർ ബഹളംവച്ചതോടെ ഇയാൾ വീട്ടിൽനിന്ന് ഇറങ്ങി ഓടി രക്ഷപ്പെട്ടു. വിരലടയാള വിദഗ്ധർ എത്തി തെളിവ് ശേഖരിച്ചു.

സമീപത്തെ വീടുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ഇവിടെ പലർക്കും സിസിടിവി ക്യാമറകളുണ്ടെങ്കിലും പലരും മഴയും മിന്നലും കാരണം ഓഫാക്കി വച്ചിരിക്കുകയായിരുന്നു. കരിങ്കുന്നം എസ്ഐ പി.എസ്. നാസറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

അടുത്ത വീട്ടിൽനിന്നു മോഷ്ടിച്ച വാക്കത്തി ഉപയോഗിച്ചാണ്‌ സുബിന്റെ വീടിന്റെ പൂട്ടു പൊളിച്ചത്. 14നു പുലർച്ചെയാണ് തൊടുപുഴ നഗരത്തിലെ ഒരുവീട്ടിൽ നിന്നു പണം മോഷ്ടിച്ചത്. 4 വീടുകളിൽ മോഷണശ്രമവും നടന്നു. പൊലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

ആനക്കൂട് സ്വദേശി സുബ്രഹ്മണ്യൻ പിള്ളയുടെ വിദേശ കറൻസിയുൾപ്പെടെ 15,000 രൂപയാണ് അപഹരിച്ചത്. പാലാ, തിരുവനന്തപുരം സ്വദേശികളിൽ ഒരാളാണ് തൊടുപുഴയിൽ മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ഇന്നലെ കരിങ്കുന്നത്തു മോഷണം നടത്തിയതു നേരത്തേ തൊടുപുഴയിൽ മോഷണം നടത്തിയ ആളല്ലെന്നാണ് പൊലീസ് പറയുന്നത്. വാഴക്കുളത്തു വ്യാഴം പുലർച്ചെ വീട്ടിൽനിന്നു മാല പൊട്ടിച്ചെങ്കിലും വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് മാല ഉപേക്ഷിച്ച് കടന്നുകളഞ്ഞു.