കോട്ടയം ജില്ലാ ആശുപത്രിയിൽ രോഗികൾക്കായുള്ള ആംബുലൻസ് ദുരുപയോഗം ചെയ്തതിന് എതിരെ പ്രതിഷേധം ശക്തമാകുന്നു

178

കോട്ടയം ജില്ലാ ആശുപത്രിയിൽ വരുന്ന സ്വാധീനമില്ലാത്ത രോഗികൾക്ക് ഉപയോഗിക്കുന്നതിനായി കോട്ടയം അതിരൂപതയിലെ കാലംചെയ്ത ആർച്ചുബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരിയുടെ നാമത്തിൽ മാസങ്ങൾ മാത്രം പഴക്കമുള്ള ലക്ഷങ്ങൾ വിലമതിക്കുന്ന ബെഗി ആംബുലൻസ് ആണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന രീതിയിൽ ദുരുപയോഗം ചെയ്യുന്നത്. ജില്ലാ ആശുപത്രിയിലെ ഒൻപതാം വാർഡിനു പുറത്തുള്ള വഴിയിലെ വേസ്റ്റുകൾ tb വാർഡിന് അടുത്തുള്ള തുറന്ന സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനാണ് ഇപ്പോൾ ഈ ആംബുലൻസുകൾ ഉപയോഗിക്കുന്നത്. അനുവാദംകൂടാതെ രോഗികൾക്കായുള്ള വണ്ടിയിൽ പ്രവേശിക്കുവാൻ പാടില്ല എന്ന് ആംബുലൻസിന്റെ ഇരുവശങ്ങളിലും വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടാണ് വേസ്റ്റ് സാധനങ്ങൾ മാറ്റുവാൻ ഇത് ഉപയോഗിക്കുന്നത് എന്നതാണ് വിരോധാഭാസം. ഏറെയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന രോഗികൾ വരുന്ന കോട്ടയം ജില്ലാ ആശുപത്രിയിൽ ഏറെ പേർക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് ഏതാനും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ദുരുപയോഗം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് സോഷ്യൽമീഡിയയിൽ ഇതിൻറെ ഫോട്ടോകൾ ഷെയർ ചെയ്യപ്പെടുന്നത്.