തൊടുപുഴ ഡിപ്പോയെ തകർക്കാൻ ഗൂഢശ്രമമെന്ന് ആക്ഷേപം

49

തൊടുപുഴ ∙ നിലവിലുള്ള ദീർഘദൂര സർവീസുകൾ വെട്ടിക്കുറച്ചും, നിർത്തലാക്കിയും തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയെ തകർക്കാൻ ഗൂഢ ശ്രമം ആരംഭിച്ചതായി ആക്ഷേപം. തൊടുപുഴ നിന്നും വർഷങ്ങളായി നല്ല നിലയിൽ ലാഭകരമായി ഓടിയിരുന്ന ഒട്ടേറെ ദീർഘദൂര സർവീസുകൾ നിർത്തലാക്കാൻ നീക്കം ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി ഇവിടെ നിന്നു തിരുവനന്തപുരത്തിനുള്ള 3 സർവീസുകളാണ് ഇപ്പോൾ നിർത്തലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയനുകൾ സമരത്തിന് ഒരുങ്ങുകയാണ്.

രാവിലെ 6.40 നും, 8 നുമുള്ള തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചർ സർവീസും, വൈകിട്ട് 4.15 ന് തിരുവനന്തപുരത്തിനുള്ള സൂപ്പർ ഫാസ്റ്റും നിർത്താനുള്ള നീക്കം ആരംഭിച്ചു. 6.40 നുള്ള തിരുവനന്തപുരം ബസ് കൊല്ലം വഴിയാണ്. അനവധി സ്ഥിരം യാത്രക്കാരുള്ള സർവീസാണ് ഇത്. 8 നുള്ള തിരുവനന്തപുരം ബസ് ഉഴവൂർ , രാമപുരം വഴിയാണ് പോകുന്നത്. ഇതും ഒട്ടേറേപ്പേരുടെ യാത്രാ മാർഗമാണ്. ഇത് തിരികെ 3.40 ന് തിരുവനന്തപുരത്ത് നിന്നും പോരും. രാത്രി 8.30 ന് കോട്ടയത്ത് എത്തും.

കൊല്ലം വഴിയുള്ള ബസ് രാത്രി 8 ന് മണിക്ക് കോട്ടയത്ത് എത്തുന്നതാണ്. ഈ സർവീസുകൾ നിർത്തലാക്കിയാൽ കോട്ടയത്തു നിന്നും തൊടുപുഴയ്ക്കു രാത്രി യാത്രക്കാർ ദുരിതത്തിലാകും. നേരത്തേ 6.30 നുള്ള കോഴിക്കോട് സൂപ്പർ ഫാസ്റ്റ് ബസ് നിർത്തലാക്കിയിരുന്നു. ഇതിനു മുൻപ് തൊടുപുഴയിൽ നിന്നു എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നീ റൂട്ടുകളിൽ ലാഭകരമായി ഓടിയിരുന്ന ലോഫ്ലോർ എസി ബസുകൾ നിർത്തലാക്കി യാത്രക്കാർക്ക് പ്രഹരം ഏൽപിച്ച അധികൃതർ ഇപ്പോൾ തലസ്ഥാനത്തേക്ക് ഉള്ള 3 സർവീസുകൾക്കാണ് കത്തി വച്ചിരിക്കുന്നത്.

പുതുതായി ആരംഭിക്കുന്ന ചെയിൻ സർവീസുകളുടെ പേരിലാണ് വർഷങ്ങളായി അനവധി യാത്രക്കാരുടെ ആശ്രയമായിരുന്ന ദീർഘദൂര സർവീസുകൾ ഇല്ലാതാക്കുന്നത്. കൂടുതൽ സർവീസുകൾ കുറച്ച് തൊടുപുഴ ഡിപ്പോയെ നശിപ്പിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് സമരപരിപാടികൾ ആരംഭിക്കാൻ പ്രതിപക്ഷ യൂണിയനുകൾ തീരുമാനിച്ചു.

ഡിപ്പോയെ തകർക്കാനുള്ള സർക്കാരിന്റെയും മാനേജ്മെന്റിന്റെയും തീരുമാനത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ യൂണിയനുകളായ ഐഎൻടിയുസിയും , ഡ്രൈവേഴ്സ് യൂണിയനും നേതൃത്വം നൽകുന്ന ടിഡിഎഫ് സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ടിഡിഎഫ് നേതാക്കളായ സിജി ജോസഫ്, മാർട്ടിൻ മാത്യൂ എന്നിവർ പി.ജെ. ജോസഫ് എംഎൽഎക്കും, സോണൽ ഓഫിസർക്കും നിവേദനം നൽകി. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ ഉണർന്നു പ്രവർത്തിക്കണം എന്നാണു യാത്രക്കാരുടെ ആവശ്യം.