തൊടുപുഴ ∙ കൊള്ളപ്പലിശക്കാർക്കും ബ്ലേഡ് മാഫിയയ്ക്കും എന്നും വേരോട്ടമുള്ള മണ്ണാണ് ഇടുക്കിയുടേത്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പാവങ്ങൾ എന്തു വിലകൊടുത്തും കൃഷിയിറക്കാൻ ശ്രമിക്കും എന്നതാണ് കാരണം. കൃഷി നഷ്ടമാകുമ്പോൾ വീണ്ടും കടം വാങ്ങും. പലിശ കേറും. ഒടുവിൽ കൃഷിക്കാരുടെ കണ്ണീരിൽ കുതിർന്ന ഭൂമി ബ്ലേഡുകാരെടുക്കും. സ്വന്തമായി ഗുണ്ടാ സംഘം വരെയുള്ള ബ്ലേഡ് മാഫിയ സജീവമാണ് ജില്ലയിൽ. പണക്കൊഴുപ്പും രാഷ്ട്രീയ സ്വാധീനവും ഏറുമ്പോൾ ഇവരെ തൊടാൻ അധികൃതരും മടിക്കും. 

കാണം വിൽപ്പിച്ചും ഓണം ഉണ്ണിക്കും

ഓണം സീസൺ ലക്ഷ്യമാക്കി വ്യാപാരികളെയും വ്യക്തികളെയും പ്രലോഭിപ്പിച്ചു വൻ പലിശയ്ക്കു പണം വായ്പ നൽകാൻ ബ്ലേഡ് മാഫിയ സംഘങ്ങൾ പ്രളയ ബാധിത മേഖലകളിൽ ഉൾപ്പെടെ സജീവമാകുന്നതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. നടപടിക്രമങ്ങളൊന്നുമില്ലാതെ വായ്പ നൽകി പാവങ്ങളുടെ കഴുത്തിൽ ബ്ലേഡ് വയ്ക്കുന്ന സംഘങ്ങൾ ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ടെന്നാണു രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള ഒട്ടേറെ ബ്ലേഡ് മാഫിയ സംഘാംഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും ജില്ലയിൽ ഓണക്കാല ബ്ലേഡ് ബിസിനസ് ശൃംഖലയ്ക്കു തുടക്കം കുറിച്ചിട്ടുണ്ട്.

നിലച്ചുപോയ ‘ഓപ്പറേഷൻ കുബേര’

കൊള്ളപ്പലിശക്കാർക്കെതിരായ പൊലീസ് നടപടി ‘ഓപ്പറേഷൻ കുബേര’ നിലച്ചതോടെ ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിൽ കൊള്ളപ്പലിശ സംഘങ്ങൾ പിടിമുറുക്കി. തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് അതിർത്തിക്ക് അപ്പുറത്തുനിന്നെത്തുന്ന പലിശ സംഘങ്ങൾ വിലസുന്നത്. ‘ഓപ്പറേഷൻ കുബേര’ നടപ്പിലാക്കിയതോടെ മാളത്തിലൊളിച്ച കൊള്ളപ്പലിശ സംഘങ്ങളാണ് പൂർവാധികം ശക്തി പ്രാപിച്ചത്.ബാങ്കിങ് സേവനങ്ങൾ കുറവുള്ള മേഖലകളെയാണ് കൊള്ളപ്പലിശക്കാർ നോട്ടമിടുന്നത്. അക്ഷരാഭ്യാസമില്ലാത്ത തോട്ടം തൊഴിലാളികളുടെ അജ്ഞതയും ഇവർ മുതലെടുക്കുന്നു. ബാങ്ക് വായ്പ നടപടിക്രമങ്ങളിലെ സങ്കീർണതകളും കൊള്ളപ്പലിശക്കാരെ ആശ്രയിക്കാൻ പാവപ്പെട്ടവരെ നിർബന്ധിതരാക്കുന്നു.

പ്രളയത്തിലും ‘ബ്ലേഡ് ’

പ്രളയം വരുത്തിയ ദുരിതം മറികടക്കാൻ സർക്കാർ സഹായം തികയാതെ വന്നപ്പോൾ ബ്ലേഡ് പലിശയ്ക്കു വായ്പയെടുത്ത ഒട്ടേറെപ്പേരുണ്ട്. പ്രളയബാധിതരെ പ്രലോഭിപ്പിക്കാൻ വലംവയ്ക്കുന്ന ബ്ലേഡുകാർ ഇപ്പോഴും രംഗത്തുണ്ട്. തകർന്നടിഞ്ഞ വീടുകളുടെയും കടകളുടെയും ഇതര തൊഴിൽ സ്ഥാപനങ്ങളുടെയും പുനരുദ്ധാരണത്തിനാണു പ്രളയബാധിതരിൽ ചിലർ ബ്ലേഡുകാരിൽ നിന്നു വായ്പയെടുക്കുന്നത്.വസ്തുവിന്റെ ആധാരം വരെ കൈക്കലാക്കിയാണു വായ്പ മാഫിയ ഇവർക്കു പണം നൽകുന്നത്. പ്രളയത്തിൽ ഗുരുതരമായ നാശനഷ്ടം സംഭവിച്ച വാഹനങ്ങൾ മാറിവാങ്ങാനും ഒട്ടേറെപ്പേർ സ്വകാര്യ പണമിടപാടുകാരിൽ നിന്നു പണം വാങ്ങിയിട്ടുണ്ട്.

പലിശ 20 %

തമിഴ്നാട്ടിലെ കമ്പം, തേനി, ആണ്ടിപ്പെട്ടി, ബോഡിനായ്ക്കന്നൂർ എന്നിവിടങ്ങളിൽ നിന്നാണ് പലിശ സംഘങ്ങൾ ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലെത്തുന്നത്. ഞായർ ദിനങ്ങളിലാണ് പണം കൊടുക്കുന്നതിനും വാങ്ങുന്നതിനുമൊക്കെ ഇവരെത്തുന്നത്. ആധാരമോ സ്വർണമോ ഇൗടായി വാങ്ങിയാണ് പണം കടം കൊടുക്കുന്നത്.

1000 രൂപയ്ക്ക് കുറഞ്ഞത് 200 രൂപയാണ് പലിശയായി ഇൗടാക്കുന്നത്. പലിശ കുറച്ചുള്ള തുകയാണ് ഇടപാടുകാർക്കു വായ്പ അനുവദിക്കുന്നത്. 10,000 രൂപ പലിശയ്ക്കു വാങ്ങിയാൽ ഇടപാടുകാരനു ലഭിക്കുന്നത് 8000 രൂപ മാത്രം. തവണ മുടങ്ങിയാൽ ഭീഷണിയുമായി സംഘം വീട്ടിലെത്തും. ഏതാനും വർഷം മുൻപ് ഉടുമ്പൻചോലയ്ക്കു സമീപം തോട്ടം തൊഴിലാളിയായ യുവാവ് തമിഴ്നാട്ടുകാരനായ കൊള്ളപ്പലിശക്കാരനിൽ നിന്നു പണം വാങ്ങിയതിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവാവിന്റെ കുടുംബാംഗങ്ങളെ പലിശസംഘം ആക്രമിച്ചിരുന്നു.

തൊടുപുഴയിലെ പലിശപ്പുഴ

തൊടുപുഴ കേന്ദ്രീകരിച്ച് അനധികൃത പണമിടപാട് നടത്തുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച്, ബസ് ജീവനക്കാരെ ലക്ഷ്യമിട്ട് ബ്ലേഡ് സംഘങ്ങൾ വിലസുകയാണ്. മുൻപ് കുബേര നിയമപ്രകാരം അറസ്റ്റിലായവർ മുതൽ ചില ബസുടമകൾ വരെ കൊള്ളപ്പലിശ വാങ്ങി അനധികൃത പണമിടപാട് നടത്തുന്നുണ്ട്. ചില  രാഷ്‌ട്രീയ നേതാക്കളും പൊലീസ് ഉദ്യോഗസ്‌ഥരും വരെ ഇത്തരം ബ്ലേഡ് സംഘങ്ങൾക്ക് ഒത്താശ ചെയ്‌തു കൊടുക്കുന്നതായും ആരോപണമുണ്ട്. 800 രൂപ കൊടുത്ത് 10 ദിവസം കൊണ്ട് 1000 രൂപ ഈടാക്കുന്ന വിദ്യക്കാരാണ് ഇവിടത്തെ ബ്ലേഡുകാർ. 

∙പ്രളയക്കടലിന്റെ നടുവിലായിരുന്നു ജില്ലയുടെ കഴിഞ്ഞ ഓണം. ആ ഓർമകളിൽ നിന്നു പതുക്കെ കരകയറി വരുമ്പോഴെത്തുന്ന ഇത്തവണത്തെ ഓണം ആഘോഷമാക്കാനുള്ള ഒരുക്കങ്ങൾക്കിടയിൽ നാട്ടുകാരെ കൊള്ളയടിക്കുകയാണ്  ബ്ലേഡ് മാഫിയ. കൃഷി നശിച്ചതും മഴ കുറവായതിനാൽ വിളവ് കുറഞ്ഞതും കാർഷിക വായ്പ മൊറട്ടോറിയം അവസാനിച്ചതുമടക്കം നടുവൊടിഞ്ഞ കർഷകനെ പിന്നെയും ചവിട്ടിത്താഴ്ത്തുന്നു ബ്ലേഡ് പലിശക്കാർ.

കടപ്പാട് : മലയാള മനോരമ