തൊടുപുഴ .∙ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനയാത്ര; ജില്ലയിൽ മോട്ടർ വാഹനവകുപ്പിന്റെ പരിശോധനയിൽ ഇന്നലെ കുടുങ്ങിയതു 29 പേർ. പിൻസീറ്റ് യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനും ഇന്നലെ മുതൽ പിഴ ഈടാക്കി തുടങ്ങി. ഇതോടൊപ്പം ബോധവൽക്കരണവും നടത്തുന്നുണ്ട്. തൊടുപുഴയിൽ മോട്ടർ വാഹനവകുപ്പ് ഇന്നലെ നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 5 പേരിൽ നിന്നു പിഴ ഈടാക്കി.

യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധമാണ് പരിശോധന. വരും ദിവസങ്ങളിലും കർശനമായി തുടരുമെന്നും ഇടുക്കി ആർടിഒ റെജി.പി. വർഗീസ് പറഞ്ഞു.പൊലീസും പരിശോധനക്കുണ്ട്. തൊടുപുഴ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിച്ച 26 പേരുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി. അടുത്ത ദിവസം ഉടമകൾക്ക് പിഴ അടയ്ക്കുന്നതിനുള്ള നോട്ടിസ് വീട്ടിലെത്തും.