കേരള ചിക്കന്‍ പദ്ധതി ഫലം കണ്ടില്ല, കോഴിവില വീണ്ടും ഉയരുന്നു.

99

വെള്ളത്തൂവല്‍: തമിഴ്‌നാട്ടില്‍ ഇറച്ചിക്കോഴി ഉത്പാദനത്തില്‍ ഇടിവുവന്നതോടെ കേരളത്തില്‍ കോഴിയിറച്ചി വില 120 മുതല്‍ 130 രൂപവരെയായി. രണ്ട് മാസം മുന്‍പുവരെ 70 രൂപയ്ക്ക് വിറ്റിരുന്ന കോഴികളാണ് ഇപ്പോള്‍ 130 രൂപവരെ വിലയ്ക്ക് വില്‍ക്കുന്നത്

കേരള സര്‍ക്കാരിന്റെ ചിക്കന്‍ കേരള പദ്ധതി നടപ്പാകാത്തതും തമിഴ്‌നാട് സര്‍ക്കാര്‍ കോഴിത്തീറ്റയ്ക്കും വൈദ്യുതിക്കും നല്‍കിയിരുന്ന ഇളവുകള്‍ നിര്‍ത്തലാക്കിയതുമാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വില കുത്തനെ കുറഞ്ഞതോടെ ഇടുക്കി ജില്ലയിലും ഇറച്ചിക്കോഴി വളര്‍ത്തുന്ന കര്‍ഷകരുടെ എണ്ണം കുറഞ്ഞിരുന്നു

ഇതോടെ കേരളത്തില്‍ കോഴി ലഭിക്കാതായി. ഇത് വില വര്‍ദ്ധനയ്ക്ക് കാരണമായി. വിപണിയിലെ നഷ്ടസാധ്യതയും അനിശ്ചിതത്വവുംമൂലം ഇറച്ചിക്കോഴി വളര്‍ത്തലില്‍നിന്ന് ജില്ലയിലെ പല കര്‍ഷകരും പിന്നോട്ടുപോയതോടെയാണ് കോഴിവില കൂടിയത്. ജി.എസ്.ടി. നടപ്പായതോടെ കോഴിത്തീറ്റയ്ക്കും മരുന്നുകള്‍ക്കും 15 ശതമാനംവരെ വില വര്‍ധിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്.